മൂവാറ്റുപുഴ: എംസി റോഡില് ഉന്നക്കുപ്പ വളവില് ടയര് കയറ്റിവന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. കോട്ടയത്തുനിന്ന് ടയറുകളുമായി പഞ്ചാബിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെ അപകടത്തില്പ്പെട്ടത്. മുന്നില് പോവുകയായിരുന്ന കാര് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്ന്ന് ലോറി വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഡിവൈഡറിലേക്കും തുടര്ന്ന് മരത്തിലേക്കും ഇടിച്ചുകയറി മറിയുകയുമായിരുന്നു. ഇതോടെ ഗതാഗതവും തടസപ്പെട്ടു.
ലോറി ഡ്രൈവര് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അപകടത്തില് ലോറിയുടെ ഡീസല് ടാങ്ക് ചോരുകയും റോഡിലേക്ക് ഇന്ധനം പടരുകയും ചെയ്തു. അഗ്നിശമന രക്ഷാസേനയും പൊലിസും സ്ഥലത്തെത്തി ലോറി ക്രെയ്ന് ഉപയോഗിച്ച് റോഡില്നിന്ന് മാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.